കലാമണ്ഡലം ചാന്‍സലര്‍ നിയമനത്തെ സ്വാഗതം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മല്ലികാ സാരാ ഭായ് യോഗ്യയാണ്. അവര്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടുമോ എന്നത് ബില്ല് മുന്നിലെത്തിയ ശേഷം അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലിലെ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് തനിക്കറിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
കഴിഞ്ഞ ദിവസമാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി സർക്കാർ നിയമിച്ചത്. പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്. നൃത്തത്തിൽ മാത്രമല്ല നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976ൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ടി വി ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.