വിവിധ രാജ്യാന്തര മേളകളിൽ ഇടം നേടിയ മഹേഷ് നാരായൺ ചിത്രമാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൻ്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 16നാണ് ചിത്രം റിലീസിനെത്തുന്നത്. തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്നത് മഹേഷ് നാരായൺ തന്നെയാണ്.
നോയിഡയിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാൻ നടത്തുന്ന ശ്രമങ്ങളാണ് മുന്നറിയിപ്പിലൂടെ പറയുന്നത്. ദമ്പതികൾ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവർത്തകർക്കിടയിൽ ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നു.
ഇത് അവരുടെ ബന്ധത്തിൽ വൈകാരികമായ ഉലച്ചിലുണ്ടാക്കുന്നു. തുടർന്നുള്ള മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലവ്ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദർശനത്തിനെത്തും.