തിരുവനന്തപുരം: ഒരു വിഭാഗം ആളുകൾ സമരത്തെ സർക്കാരിനെതിരാക്കി തിരിക്കാൻ ശ്രമിക്കുന്നെന്ന് വി ജോയ് MLA നിയമസഭയിൽ. വിഴിഞ്ഞത്തിൻ്റെ മറവിൽ ഒരു വിമോചന സമരത്തിൻ്റെ പരിപ്പ് വേവിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ദീർഘകാലം തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോകാൻ പറ്റില്ല. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള മാർഗങ്ങളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും വി ജോയ് MLA സഭയിൽ വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് വേണ്ട നഷ്ടപരിഹാരം നൽകി തുറമുഖം നിർമ്മാണം പൂർത്തിയാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിയത് വലിയ ചർച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തിൽ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.