തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി തന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾക്ക് വേണ്ട നഷ്ടപരിഹാരം നൽകി തുറമുഖം നിർമ്മാണം പൂർത്തിയാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിയത് വലിയ ചർച്ചയ്ക്ക് ഒടുവിലാണ്. ഈ ഘട്ടത്തിൽ ഇങ്ങനെയൊരു സമരം ഉണ്ടാകരുതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയെ അധിക്ഷേപിച്ചത് ശരിയായില്ലെന്നും, വിഴിഞ്ഞം വിഷയത്തിൽ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുറമുഖം ഒരിക്കലും ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിന് ആശയവൈകല്യമാണെന്നും തുറമുഖ നിർമാണത്തിന് അനുമതി നൽകിയത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം വിഷയത്തിന്മേലുള്ള അടിയന്തര പ്രമേയ ചർച്ചയിലാണ് സജി ചെറിയാൻ ഇക്കാര്യം പറഞ്ഞത്.
സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്; സജി ചെറിയാൻ