തിരുവനന്തപുരം: കെൽട്രോണിനെ വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഒരോ മാസവും ഓരോ പുതിയ ഉത്പ്പന്നങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കെൽട്രോണിനെ പുനരുദ്ധരിക്കാൻ 375 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഇലക്രോണിക്സ് വ്യവസായത്തിൻ്റെ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിൻ്റെ ആദ്യപടിയായി ഇലക്ട്രോണിക്സ് ഹാർഡ്വെയർ ടെക്നോളജീസ് ഹബ്ബ് രൂപീകരിക്കാൻ 28 കോടി രൂപ വകയിരുത്തി.
പ്രതിരോധ മേഖലയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന എൻഎബിഎൽ അക്രഡിറ്റേഷൻ ലാബ് സ്ഥാപിക്കും. കെൽട്രോണിൻ്റെ നേതൃത്വത്തിൽ ഇലക്ട്രോണിക്സ് സെമി കണ്ടക്ടർ ആൻഡ് ഹൈടെക് പാർക്ക് നിർമിക്കാൻ നടപടിയായി. കെൽട്രോൺ കരകുളം സെന്ററിനെ പവർ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റും. രാജ്യത്തെ ആദ്യ ഗ്രഫീൻ പാർക്കാണ് കേരളത്തിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഉത്പ്പന്നങ്ങൾക്ക മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇവയ്ക്ക് കേരള സർക്കാർ അംഗീകാരം നൽകും. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. സംരംഭക വർഷം വിജയിപ്പിക്കുന്നതിൽ എല്ലാ ജനപ്രതിനിധികളും മികച്ച നേതൃത്വമാണ് നൽകുന്നതെന്നും മന്ത്രി അറിയിച്ചു.