തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. കൊലനടന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് വിധിപ്രസ്താവമുണ്ടാകുന്നത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സാഹചര്യതെളിവ് മാത്രമുള്ള കേസാണ് ഇതെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ആയുർവേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു. പോത്തൻകോട്ടെ ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മാർച്ച് 14ന് യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി പോലീസിൽ പരാതി നൽകി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 37 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചുകൊണ്ടായിരുന്നു അന്വേഷണം.
വിദേശ വനിതയുടെ കൊലപാതകം വിധി നാളെ; ജീവിക്കാൻ അനുവദിക്കണമെന്ന് പ്രതികൾ