വിവാദങ്ങൾ ഒഴിയാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ പുതിയ ധൂർത്തും പുറത്തു വന്നു. സംഭാവന എന്ന പേരിൽ ഗവർണർ ചെലവാക്കുന്നത് കണക്കില്ലാത്ത തുക. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള 7 മാസത്തിനുള്ളിൽ മാത്രം ആരിഫ് മുഹമ്മദ് ഖാൻ സംഭാവന ചെയ്തത് 12.45 ലക്ഷം രൂപ. സംഭാവന നൽകുന്നത് സർക്കാർ ഖജനാവിൽ നിന്ന്.
ആർക്കെല്ലാം സംഭാവന നൽകിയിട്ടുണ്ടെന്ന വിവരം രാജ്ഭവൻ പുറത്തു വിട്ടിട്ടില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് തുകയാണ് ഗവർണർ ഈ വർഷം സംഭാവന നൽകാൻ ചെലവിട്ടത്. 2020 – 2021ൽ 2.50 ലക്ഷം രൂപ, 2021 – 2022ൽ 4,38000 രൂപ എന്നിങ്ങനെയാണ് ഗവർണർ സംഭാവന നൽകിയത്.
കഴിഞ്ഞ ദിവസം യാത്രയ്ക്കായി ഗവർണർ പാഴാക്കിയ കണക്കും പുറത്ത് വന്നിരുന്നു. ഒരു മാസം 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാർഗനിർദ്ദേശം മറികടന്നാണ് ഗവർണർ യാത്രകൾ നടത്തിയത്. 2022 നവംബറിൽ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഈ വർഷം 143 ദിവസത്തോളം യാത്രയിലായിരുന്നു. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് 2022-ൽ 11.63 ലക്ഷംരൂപയും 2021-ൽ 5.34 ലക്ഷം രൂപയും ചെലവിട്ടിരുന്നു. ഗവർണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകൾകൂടി പരിശോധിക്കുമ്പോൾ വൻ തുകയാണ് യാത്രായിനത്തിൽ വിനിയോഗിക്കുന്നത്.