തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിൻറെയും കാര്യത്തിൽ ഗവർണർമാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു മാസം 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാർഗനിർദ്ദേശമാണ് ഗവർണർ ലംഘിച്ചത്. 2022 നവംബറിൽ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഈ വർഷം 143 ദിവസത്തോളം യാത്രയിലായിരുന്നു. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് 2022-ൽ 11.63 ലക്ഷംരൂപയും 2021-ൽ 5.34 ലക്ഷം രൂപയും ചെലവിട്ടിരുന്നു. ഗവർണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകൾകൂടി പരിശോധിക്കുമ്പോൾ വൻ തുകയാണ് യാത്രായിനത്തിൽ വിനിയോഗിക്കുന്നത്.
2021-ൽ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണറുടെ അമിതയാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവൻ ഇടപെട്ടിരുന്നു. ഒരു മാസത്തിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഗവർണർമാർ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് ചട്ടം. എന്നാൽ താൻ രേഖകളെല്ലാം സമർപ്പിച്ചതിനെ തുടർന്ന് ചട്ടം പാലിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവർണറുടെ വാദം. 2022 മാർച്ച് മാസത്തിൽ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയ്ക്കായി മാറ്റിവെച്ചു. യാത്രകളിൽ കൂടുതലും ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കുമാണ്. 2021-ലും സമാനമായ രീതിയിൽ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളിൽ കൂടുതൽ ഗവർണർ സംസ്ഥാനത്തിന് പുറത്തായിരുന്നു.
ടൂർ എക്സ്പെൻസസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഗവർണറുടെ യാത്രാചെലവുകൾക്കുള്ള പണം വിനിയോഗിക്കുന്നത്. പി. സദാശിവം സ്ഥാനത്തുനിന്ന് മാറി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റ 2019-20 സാമ്പത്തിക വർഷം 18.47 ലകഷം രൂപയാണ് ഗവർണറുടെ യാത്രാച്ചെലവ്. നാല് വർഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവർണറുടെ യാത്രകൾക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥർക്കായി ചെലവിട്ടത് ഒരു കോടി രൂപയും.