നീണ്ട 20 വർഷത്തിന് ശേഷം രജനികാന്ത് ചിത്രം ബാബ വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002 ൽ പുറത്തെത്തിയ ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടത്. വർഷം ഇത്രയും പിന്നിട്ടിട്ടും ബാബ എന്ന ചിത്രത്തിനോടുള്ള ആരാധകരുടെ ആവേശം കെട്ടടങ്ങിയിട്ടില്ലെന്നതിനുള്ള തെളിവാണ് ട്രെയിലറിന് ലഭിച്ച സ്വീകരണം.
ട്രെയിലർ പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ മില്ല്യണിലധികം കാഴ്ചക്കാരാണുണ്ടായത്. രജനീകാന്തിൻ്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിൻ്റെ റിലീസ് എന്നാണ് ലഭിക്കുന്ന വിവരം. നടൻ്റെ മാസ് പെർഫോമൻസ് വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതിൻ്റെ ആവേശത്തിലാണ് ആരാധകർ. ‘പടയപ്പ’ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ‘ബാബ’.
ലോട്ടസ് ഇൻറർനാഷണലിൻ്റെ ബാനറിൽ രജനീകാന്ത് തന്നെയായിരുന്നു നിർമ്മാണം വഹിച്ചത്. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന ചിത്രമായതിനാൽ വൻ പണം മുടക്കിയാണ് വിതരണക്കാർ ചിത്രം എടുത്തത്. എന്നാൽ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസിൽ മുന്നേറാൻ ചിത്രത്തിന് സാധിച്ചില്ല.
രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകൻ. എഡിറ്റിംഗ് വി ടി വിജയൻ. സംഗീതം എ ആർ റഹ്മാൻ. നേരത്തെ ബാബയ്ക്ക് വേണ്ടി രജനികാന്ത് ഡബ്ബിംഗ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.