നായകനായും സഹനടനായും വില്ലനായും തിളങ്ങി നിൽക്കുന്ന താരമാണ് നടൻ വിജയ് സേതുപതി. എന്നാൽ, വിജയ് സേതുപതിയുടെ മാസ്റ്റർ പീസ് എന്നത് വില്ലൻ എന്ന് തന്നെ പറയാം. കാരണം, രജനികാന്തിൻ്റെ പേട്ട, വിജയ് നായകനായ മാസ്റ്റർ, കമൽ ഹാസൻ ചിത്രം വിക്രം എന്നിവയിലെ വില്ലൻവേഷങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്.
സ്വന്തം നായക കഥാപാത്രങ്ങളേക്കാൾ കൈയ്യടി നേടിയ കഥാപാത്രങ്ങൾ കൂടിയായിരുന്നു അത്. ഇപ്പോൾ വില്ലനായി അഭിനയിക്കുമ്പോൾ ഉള്ള ഗുണങ്ങൾ നടൻ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്. വലിയ നടന്മാർക്കൊപ്പമാണ് വില്ലനായി അഭിനയിച്ചത്. അവരുടെയെല്ലാം റീച്ച് വളരെ വലുതാണെന്നും പറയുകയാണ് വിയജ് സേതുപതി. പുതിയ ചിത്രമായ ഡിഎസ്പിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇൻഡ്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
വിജയ് സേതുപതിയുടെ വാക്കുകൾ;
വിജയ് സാറിൻ്റെയും രജനി സാറിൻ്റെയും കമൽ സാറിൻ്റെയുമെല്ലാം ഫാൻസ് വളരെയധികമുണ്ട്. ഇപ്പോൾ ഷാരൂഖ് ഖാനൊപ്പവും അഭിനയിച്ചു. വില്ലൻ എന്നു പറയുന്നത് ഒരു പവറാണ്. യഥാർത്ഥ ജീവിതത്തിൽ അതിന് കഴിയില്ല. മോശമായി പെരുമാറാനുള്ള ലൈസൻസാണ് സ്ക്രീനിൽ വില്ലൻ വേഷം. എല്ലാവരിലും ഒരു വില്ലനുണ്ട്. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ ഒരുപാട് സ്വാതന്ത്ര്യമുണ്ട്. നീ എന്ത് വിചാരിച്ചാലും എനിക്കെന്താണ് എന്ന് തോന്നില്ലേ അതാണ് വില്ലൻ റോളുകൾ തരുന്ന സ്വാതന്ത്ര്യം. ഔട്ട് ഓഫ് ദ ബോക്സ് എന്ന് പറയാറില്ലേ പക്ഷേ അങ്ങനെയൊരു ബോക്സ് ഇല്ലെന്നാണ് എൻ്റെ പക്ഷം.’