ചലച്ചിത്രതാരം കൊച്ചു പ്രേമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കൊച്ചുപ്രേമൻ്റെ അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.