നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്. സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. ഹരികൃഷ്ണൻ ഏക മകൻ.
1979-ൽ റിലീസായ ഏഴു നിറങ്ങളാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഗുരു, തിളക്കം, ലീല, കുട്ടൻപിള്ളയുടെ ശിവരാത്രി, തട്ടിൻപുറത്ത് അച്യുതൻ, ദി പ്രീസ്റ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു. 250ഓളം സിനിമകൾക്ക് പുറമെ ടെലിഫിലിം രംഗത്തും സജീവമായിരുന്നു.