2018ൽ തിയറ്ററുകളിൽ റിലീസിനെത്തിയ എന്നാലും ശരത് എന്ന ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നു, സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ബാലചന്ദ്ര മേനോൻ തൻ്റെ പുതിയകാലത്തിൻ്റെ മാറ്റങ്ങളോടെ എത്തുന്ന ‘എന്നാലും ശരത്’ സിനിമ റിലീസ് ചെയ്യുന്നത്. ഫിൽമി ഫ്രൈഡേയ്സിലൂടെ ഡിസംബർ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ച് വികസിക്കുന്ന ഒരു കഥയാണ് ‘എന്നാലും ശരത്’ പറയുന്നത്.
ആരംഭത്തിൽ തന്നെ അവൾ മരണപ്പെടുന്നു. കൊലപാതക സൂചനകൾ ലഭിക്കുന്ന പൊലീസ് കേസ് അന്വേഷണം തുടങ്ങുന്നു. തുടർന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ളാഷ്ബാക്ക് രംഗങ്ങൾ. അവളുടെ സുഹൃത്ത് മിഷേൽ, ശരത്ത്, സാം എന്നീ കഥാപാത്രങ്ങൾ കടന്നുവരുന്നു. നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തിയിരിക്കുന്നത്.
കൂടാതെ, ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അഖിൽ വിനായക് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മർമ്മപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നവയാണ്. സേഫ് സിനിമാസിൻ്റെ ബാനറിൽ ആർ. ഹരികുമാർ ആണ് നിർമാണം. ഡിജിറ്റൽ റിലീസിലൂടെ തന്റെ സിനിമ കൂടുതൽ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയാണ് ബാലചന്ദ്ര മേനോൻ ലക്ഷ്യമിടുന്നത്.