വിളിക്കാത്ത വിവാഹത്തിന് പോയി ഭക്ഷണം കഴിച്ച വിദ്യാർത്ഥിയെ കൊണ്ട് പാത്രം കഴുകിച്ച് വിവാഹം നടത്തിയ വീട്ടുകാർ. ഭോപ്പാലിലാണ് സംഭവം. ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയോട് ക്രൂരത. വിദ്യാർത്ഥിയെ അപമാനിക്കുകയും, വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പാത്രം കഴുകുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാർത്ഥിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. വിദ്യാർത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയിൽ കേൾക്കാം.
വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവർക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.