തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയിടെയാണ് പുതിയ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തത്. വിഴിഞ്ഞം എസ് ഐ ലിജോ പി മണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാൽ അറിയാവുന്ന പത്ത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വധ ശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ അക്രമിക്കുന്നതിനിടെ പത്ത് പേർ എസ് ഐയുടെ തലയിൽ കല്ല് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ ഇതോടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 166 ആയി. ആയിരത്തോളം പ്രതികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറയുന്നു. ഇവരുടെ വിലാസം അടക്കം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. അറസ്റ്റിലേക്ക് കടക്കാനുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിഴിഞ്ഞം പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിക്കും.
അതേസമയം വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കും. സംഭവത്തിൽ പോലീസ് പക്വതയോടെ ഇടപെട്ടു. അലംഭാവം ഉണ്ടായിട്ടില്ല. കേസിൽ തുടർ നടപടി ഉണ്ടാകും. സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.