സംസ്ഥാന സർക്കാരിനെതിരെ ഭീഷണിയുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. വേണ്ടിവന്നാൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കെ സുരേന്ദ്രൻ. കേരളസർക്കാരിനെ താഴെയിറക്കാൻ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നും ബി ജെ പി അയച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓർമ്മ വേണമെന്നും കെ സുരേന്ദ്രൻ വെല്ലുവിളിച്ചു. കെ ടി ജയകൃഷ്ണൻ അനുസ്മരണ യോഗത്തിലാണ് കെ സുരേന്ദ്രൻ്റെ വെല്ലുവിളി.
അതേസമയം കെ സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ നേതാക്കളെ രക്ഷിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ സമ്മർദ്ദം ചെയ്തതിൻ്റെ രേഖകളും വ്യാഴാഴ്ച പുറത്ത് വന്നിരുന്നു. ബിജെപി നേതാക്കൾ പ്രതിയായ തട്ടിക്കൊണ്ടുപോകൽ, കുഴൽപണക്കേസുകളിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ട് അയച്ച കത്താണ് പുറത്തായത്. 2021 ജൂൺ പത്തിനാണ് ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്. ബിജെപി നേതാക്കൾ ആരിഫ് മുഹമ്മദ് ഖാന് നൽകിയ നിവേദനം പരിഗണിച്ചായിരുന്നു ഗവർണറുടെ ഇടപെടൽ. ഗവർണർ ബിജെപിയുടെ ചട്ടുകമാണെന്ന് തെളിയിക്കുന്നതാണ് ഗവർണറുടെ കത്ത്.