പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവൃത്തികളിലെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് തുടക്കത്തിലേ വകുപ്പ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തികളില്‍ ചെലവഴിക്കുന്ന തുക പൂര്‍ണ്ണമായും ആ പ്രവൃത്തികളില്‍ വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. അങ്ങനെ ഉറപ്പുവരുത്തിയാല്‍ തന്നെ പ്രവൃത്തികള്‍ക്ക് ശേഷം റോഡ്,പാലം,കെട്ടിടം മുതലായവ കുറേകാലം കൂടി ഇടുനില്‍ക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികള്‍ക്ക് നിശ്ചയിച്ച ലൈഫ് ഉറപ്പുവരുത്താന്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പ്രവൃത്തികള്‍ പരിശോധിക്കാന്‍ വിദേശരാജ്യങ്ങളിലുള്ളതുപോലെ ചില കാര്യങ്ങള്‍ ടെക്നോളജി ഉപയോഗിച്ച് ചെയ്യാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ വകുപ്പിന് കീഴിലുള്ള ക്വാളിറ്റി കണ്ട്രോള് വിംഗാണ് ഗുണനിലവാരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഈ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തിലാദ്യമായി പി ഡബ്ല്യു ഡി ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകള്‍ പുറത്തിറക്കുകയാണ്. പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ നേരിട്ടെത്തി തത്സമയ പരിശോധന സാധ്യമാക്കുന്നതാണ് ഈ സംവിധാനം.
ഈ സംവിധാനത്തിലൂടെ പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയില്‍ വലിയമാറ്റം ഉണ്ടാക്കുവാന്‍ സാധിക്കും. പ്രവൃത്തി നടക്കുന്ന സമയത്ത് പ്രവൃത്തി ഇടങ്ങളിൽ തന്നെ ഗുണനിലവാര പരിശോധന ഇതിലൂടെ സാധ്യമാകും. അതിനാവശ്യമായ ഉപകരണങ്ങള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും അപാകത കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ നടപടി എടുക്കാനും ആവശ്യമായ മാറ്റം വരുത്താനും ഇതിലൂടെ സാധിക്കും.
പ്രവൃത്തിയിടങ്ങളിലെ സര്‍പ്രൈസ് ചെക്കിംഗിനായി ഇതിനെ ഉപയോഗിക്കാന്‍ പറ്റും. മൂന്ന് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിംഗ് ലാബുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ ആദ്യത്തേത് ഉടന്‍ തന്നെ പുറത്തിറക്കും. മറ്റ് രണ്ട് മൊബൈല്‍ ലാബുകളും ഇതിന് പിന്നാലെ തന്നെ പ്രവര്‍ത്തന സജ്ജമാക്കാനാകും. ഇത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവൃത്തികളില്‍ വലിയ മാറ്റത്തിന് കാരണമാകും. ഗുണമേന്മ ഉറപ്പുവരുത്താന്‍ ഏറെ സഹായകരമാകും. നമ്മള് ചെലവഴിക്കുന്ന തുക മുഴുവന്‍ പ്രവൃത്തിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനാകും. പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമാകും പൊതുമരാമത്ത് വകുപ്പ് നേരിട്ട് ആദ്യമായിട്ടാണ് മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരം;-
റണ്ണിംഗ് കോണ്ട്രാക്റ്റില് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാരുടെ പരിശോധന കഴിഞ്ഞു. ആദ്യ റൗണ്ട് കഴിഞ്ഞ സ്പെഷ്യല്‍ ചെക്കിംഗ് ടീം ഡിസംബര്‍ 1 മുതല്‍ രണ്ടാം റൗണ്ട് പരിശോധനക്കായി 14 ജില്ലകളിലേക്കും ഇറങ്ങുകയാണ്. ആദ്യ ഘട്ട റിപ്പോര്‍ട്ട് പരിശോധിച്ച് നിലപാട് സ്വീകരിച്ചുപോകാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ തയ്യാറാകാത്ത ഇടങ്ങളിൽ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
വിഴിഞ്ഞം വിഷയത്തില്‍, പറയേണ്ടത് മുഴുവന്‍ പറഞ്ഞ്, ഉദ്ദേശിച്ചത് പോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യം വച്ചിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുന്നത്. എന്നിട്ട് പിന്നീട് മാപ്പ് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.കൊറോണ വൈറസ് ബാധിച്ച ഒരാള്‍ പ്രോട്ടോക്കോള്‍ പ്രകാരം സമൂഹത്തില്‍ ഇറങ്ങാന്‍ പാടില്ല. സമൂഹത്തലിറങ്ങി അത് മറ്റുള്ളവര്‍ക്ക് കൂടി പരത്തിയതിനുശേഷം സോറി പറയുന്നതില്‍ എന്താണര്‍ത്ഥമുള്ളത്, ഇത് വളരെ ബോധപൂര്‍വ്വമാണ്. മുസ്ലീം നാമധാരികളെ ഒറ്റതിരിഞ്ഞ് മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണം നടത്തുന്നത് സംഘപരിവാറാണ്.ആ സംഘപരിവാറിൻ്റെ താല്പര്യങ്ങള്ക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകള്‍ക്കൊപ്പം നിന്നുകൊണ്ടാണ് അത് പറഞ്ഞിരിക്കുന്നത് എന്നുള്ളത് വ്യക്തമാണ്.
അബ്ദുറഹിമാന് എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്ദുറഹിമാന് സാഹിബ് മുതല്‍ നിരവധി പേര് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഉജ്ജ്വലമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.നിരവധി അബ്ദുറഹിമാന്മാര് ഉള്‍പ്പെടെ ജീവന് കൊടുത്തിട്ടാണ് ഈ രാജ്യത്തിന് സ്വാതന്ത്രം ലഭിച്ചിട്ടുള്ളത്.
ഇന്ത്യ-പാകിസ്ഥാന് വിഭജന സമയത്ത് മുസ്ലീം നാമധാരികളൊക്കെ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നുള്ള ഒരു കുപ്രചരണം നടന്ന ഘട്ടത്തില്‍ അതിനെ പരിഹസിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞ വളരെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇന്ത്യയില്‍ നില്ക്കാന് വേണ്ടി ഞാനെന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍ എന്നുള്ളത് വൈ മൂ ബ പണിക്കര്‍ എന്നാക്കി മാറ്റണോ എന്നാണ് അദ്ദേഹം പറഞ്ഞത്.ഇത് കേരളമാണെന്നും കേരളത്തിന്റെ മണ്ണിന്റെ പ്രത്യേകത മതനിരപേക്ഷ മണ്ണാണെന്നുമുള്ള തിരിച്ചറിവാണ് സോറിയിലേക്കെത്തിയത്. നാളെ കേരളത്തില്‍ ഇത്തരം വൃത്തിക്കേടുകള്‍ വിളിച്ചുപറഞ്ഞ് സോറി പറയാത്ത നിലയിലേക്ക് ജനങ്ങളുടെ മനസ്സിനെ മാറ്റിയെടുക്കുകയാണ്. ആ നിലയിലേക്ക് മണ്ണിനെ പാകപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.വളരെ ബോധപൂര്‍വ്വം ഇത്തരം പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ല എന്നുള്ളത് വലിയ അത്ഭുതം സൃഷ്ടിക്കുന്നു യു ഡി എഫ് നേതൃത്വത്തിലെ പലരും ഇതിനെതിരെ മിണ്ടിയിട്ടില്ല, അത് എന്തുകൊണ്ട് എന്നുള്ളത് സമൂഹം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. വളരെ ബോധപൂര്‍വ്വം ജനങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്താനും രാജ്യത്ത് മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണത്തിനെ ഏറ്റുപിടിക്കാനുമാണ് ഈ വിഷം തുപ്പിയിട്ടുള്ളത്. അത് ഒരു സോറി പറഞ്ഞതുകൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നമല്ല.