മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ച ത്രില്ലർ ചിത്രമാണ് ദൃശ്യം ഒന്നും രണ്ടും. മലയാളി പ്രേക്ഷകരിൽ ഇന്നും മികച്ച സിനിമകളുടെ ലിസ്റ്റിൽ മുൻനിരയിൽ നിൽക്കുന്ന ചിത്രം കൂടിയായിരിക്കും ഇവ രണ്ടും. ഇപ്പോൾ ദൃശ്യം 2വിൻ്റെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിക്കുന്നത്. നടൻ അജയ് ദേവ്ഗൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദൃശ്യം 2 ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്ന് മാത്രം ചിത്രത്തിൻ്റെ വരുമാനം 150 കോടി കവിഞ്ഞതായാണ് റിപ്പോർട്ട്.
നവംബർ 18 നാണ് ചിത്രം റിലീസ് ചെയ്തത്. കൂടാതെ വിദേശ റിലീസിലൂടെ 70 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളിൽ ഭൂരിഭാഗവും പരാജയമായിരുന്നു. ദൃശ്യത്തിൻ്റെ വിജയം പുത്തനുർണവ് നൽകിയിരിക്കുകയാണ് ഇപ്പോൾ. അജയ് ദേവ്ഗണിന് പുറമേ ശ്രേയാ ശരൺ, തബു, അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തിയത്.
50 കോടി മുതൽമുടക്കിൽ പനോരമ സ്റ്റുഡിയോസ്, വിയാകോം 18 സ്റ്റുഡിയോസ്, ടി സീരീസ് എന്നിവ ചേർന്നാണ് ചിത്രം നിർമിച്ചത്. ജീത്തു ജോസഫിൻ്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമിൽ കീയൻ ഖാനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.