സംസ്ഥാനത്ത് വ്യാപകമായ എൻഐഎ പരിശോധന. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുബന്ധ സംഘടനകൾ നിരോധനത്തിന് ശേഷവും സമാന്തര പ്രവർത്തനം നടത്തുന്നുണ്ട് എന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. എൻഐഎ ആസ്ഥാന ഡയറക്ടർ ദിനകറിനാണ് പരിശോധനയുടെ ഏകോപന ചുമതല. സംസ്ഥാന പോലീസിൻ്റെ സഹായത്തോടെയാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്.
വിഴിഞ്ഞം ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഭാഗമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിഞ്ഞ ദിവസം എൻഐഎ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് 4 ജില്ലകളിൽ ഒരേ സമയം എൻഐഎ റെയ്ഡ് പുരോഗമിക്കുന്നത്.
രാജ്യവിരുദ്ധ പ്രവർത്തനം കണക്കിലെടുത്ത് സെപ്റ്റംബർ 28നാണ് പിഎഫ്ഐയെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ക്യാമ്പസ് ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസെഷൻ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.