ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി നിലനിൽക്കുന്ന സമയത്ത് അധികാരത്തിലുള്ളവരോട് ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പിന്തുണക്കുന്നത് തുടരണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ. എൻ.ഡി.ടി.വിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് രവീഷ് കുമാർ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ഇതിനെത്തുടർന്നാണ് രവീഷ് കുമാറിൻ്റെ പ്രതികരണം.
‘രാജ്യത്തെ ജുഡീഷ്യറി തകരുകയും അധികാരത്തിലിരിക്കുന്നവർ പലരുടെയും ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു സമയത്ത് രാജ്യത്തെ ജനങ്ങൾ എനിക്ക് അളവറ്റ സ്നേഹം തന്നു. എൻ്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. എൻ്റെ പ്രവർത്തനങ്ങളെ തുടർന്നും പിന്തുണക്കാൻ ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. ഇനി അതെൻ്റെ യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയുമായിരിക്കും,’ രവീഷ് കുമാർ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
എല്ലാവരും ഗോഡി മീഡയകളുടെ അടിമത്തത്തിനെതിരെ പോരാടണമെന്നും രവീഷ് കുമാർ ട്വിറ്ററിൽ കുറിച്ചു. എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികൾ കൈവശമുള്ള പ്രൊമോട്ടർ കമ്പനിയായ ആർ.ആർ.പി.എച്ചിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് രവീഷ് കുമാർ രാജിവെച്ചത്. നേരത്തെ എൻ.ഡി.ടി.വിയുടെ ഡയറക്ടർ ബോർഡിൽ നിന്നും സ്ഥാപകരും പ്രൊമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചിരുന്നു.
രവീഷ് കുമാറിൻ്റെ രാജിയുടെ വിവരം അറിയിച്ചുകൊണ്ട് എൻ.ഡി.ടി.വി പുറത്തുവിട്ട പ്രസ്താവനയിൽ രാജി സ്വീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ‘രവീഷ് കുമാറിനെ പോലെ ജനങ്ങളെ ഇത്രമേൽ സ്വാധീനിച്ച മാധ്യമപ്രവർത്തകർ വളരെ കുറവാണ്. ചെല്ലുന്നിടത്തെല്ലാം അദ്ദേഹം ജനശ്രദ്ധയാകർഷിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്, എൻ.ഡി.ടി.വിയുടെ പ്രസ്താവനയിൽ പറയുന്നു.
ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം തുടങ്ങിയ രവീഷ് കുമാർ അവതരിപ്പിച്ചിരുന്ന വാർത്താ പരിപാടികൾ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എൻ.ഡി.ടി.വിയുടെ മുഖമായിട്ടായിരുന്നു അദ്ദേഹം അറിയിപ്പെട്ടിരുന്നത്. 2019ൽ മഗ്സസെ അവാർഡിനും അദ്ദേഹം അർഹനായിരുന്നു.