വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഡിജിപി അനിൽകാന്ത്. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാർക്കെതിരെ ആക്രമണം നടത്തിയവരെയും കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.
ഗൂഡാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കും. സംഭവത്തിൽ പൊലീസ് പക്വതയോടെ ഇടപെട്ടു. അലംഭാവം ഉണ്ടായിട്ടില്ല. കേസിൽ തുടർ നടപടി ഉണ്ടാകും. സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് സ്പെഷൽ ഓഫീസർ. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ മേൽനോട്ടവുമാണ് സംഘത്തിൻ്റെ ചുമതലകൾ. 3000-പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.