ലഖ്നൗ: സനാതന ധർമം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ലൗ ജിഹാദിൻ്റെ രൂപത്തിലുള്ള തീവ്രവാദമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം തീവ്രവാദങ്ങൾക്കെതിരെ ഒന്നിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മുഹമ്മദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലൗ ജിഹാദിൻ്റെ പേരിൽ പുതിയ തീവ്രവാദം ഉടലെടുത്തിരിക്കുന്നു. അത് ഇന്ത്യയുടെ സനാതന ധർമം തകർക്കാനുള്ള ഗൂഢാലോചനയായി വേണം കരുതാൻ. ഇത്തരം ഗൂഢാലോചനകളെ തകർക്കാൻ എല്ലാ വിശ്വാസികളും ഒന്നിക്കണം, ഗിരിരാജ് സിങ് പറഞ്ഞു. രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് ശക്തമായ നിയമം അനിവാര്യമാണെന്ന് ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിനുള്ള ബിൽ കേന്ദ്ര സർക്കാർ പരിഗണനയിലിരിക്കെയാണ് ഗിരിരാജ് സിങ്ങിൻ്റെ പ്രതികരണം.
‘ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് രാജ്യത്തിൻ്റെ പുരോഗതിയെ ബാധിക്കും. ജനസംഖ്യ നിയന്ത്രണത്തിനായി ശക്തമായ നിയമം രാജ്യത്ത് നടപ്പിലാക്കണം. മതമോ ജാതിയോ മറ്റ് വിഭാഗമോ നോക്കാതെ മുഴുവൻ ജനങ്ങളും നിയമത്തിന് വിധേയരാകണം.
ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമം ലംഘിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കരുത്. അവരുടെ വോട്ടവകാശം തടയണം. രാജ്യത്ത് ലഭ്യമാകുന്ന വിഭവങ്ങൾക്കനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കാൻ മുഴുവൻ ജനങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്. വിഭവങ്ങളുടെ ലഭ്യതയും ഭൂപ്രദേശത്തിൻ്റെ വിസ്തൃതിയും പല രാജ്യങ്ങൾക്കും ജനസംഖ്യാ വർധനവ് പ്രശ്നമല്ല. എന്നാൽ, ഇന്ത്യയുടെ സ്ഥിതി അതല്ല. ചൈനയേക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ ജനസംഖ്യ വർധിക്കുന്നത്, ഗിരിരാജ് സിങ് പറഞ്ഞു.