വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഒരു രാജ്യത്തിന് ആവശ്യമുള്ള നിർമ്മാണം തടയാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയെ കുറിച്ച് നിർമ്മാണ കമ്പനിയായ വിസിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.
സർക്കാരിന് താഴാവുന്നതിനും ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു. ഒരാഴ്ചയെങ്കിലും തുറമുഖ നിർമ്മാണം നിർത്തിവെക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും, അത് സർക്കാരിൻ്റെ വാക്കാണ്. തുറമുഖത്തിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ടുപോകാനല്ലെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനമാണ് നമ്മുടെ തീരങ്ങളെ ബാധിച്ചിരിക്കുന്നത്. അതാണ് ഇപ്പോഴത്തെ പ്രശ്നം. ഹാർബർ ഉള്ളത് കൊണ്ടല്ല കടലാക്രമണം. ചരക്ക് ഗതാഗതത്തിന് ഏറ്റവും യോജിച്ച തുറമുഖമാണ് വിഴിഞ്ഞം. വികസനം വേണ്ടെന്ന് ആർക്കാണ് പറയാൻ ആവുക. തുറമുഖം വേണം എന്ന് കേരളം ഒരുമിച്ച് ആഗ്രഹിച്ചതാണെന്നും മന്ത്രി വി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.
ഇന്ന് കലാപം നടത്തുന്നവർ വിഴിഞ്ഞം പദ്ധതി വേഗം നടപ്പാക്കാന്‍ നേരത്തെ സമരം ചെയ്തവരാണ്; തോമസ് ഐസക്