സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് സ്പെഷൽ ഓഫീസർ. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ മേൽനോട്ടവുമാണ് സംഘത്തിന്റെ ചുമതലകൾ.
ഡിസിപി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തുനിന്നുണ്ട്. 3000-പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ ആക്രമിച്ച് ബസുകൾ തകർത്ത സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബസ് തകർത്തതിലൂടെ 7,96,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
വിഴിഞ്ഞം സംഘർഷം 3000പേർക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ