സിപിഎം നേതാവ് ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒന്നാം പ്രതി കെ എൽ രാജേഷിനെയാണ് കെഎസ്ആർടിസി പിരിച്ചു വിട്ടത്.
രാജേഷ് തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടറായിരുന്നു.
നേരത്തെ ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തുകയും, കോർപ്പറേഷൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ഗുരുതരമായ സ്വഭാവദൂഷ്യവും, ചട്ടലംഘനവും, അച്ചടക്കലംഘനവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സിപിഎം നേതാവ് ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും നവംബർ പതിനാലിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്ജി കവിത ഗംഗാധരനാണ് ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത് അത്യപൂർവമാണ്.
ആനാവൂർ നാരായണൻ വധം: ശിക്ഷിക്കപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു