ന്യൂഡൽഹി: പരമാവധി സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ. ഗുജറാത്തിൽ ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലും ഈ പ്രഖ്യാപനമുണ്ട്. ഹിമാചൽ, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ബിജെപി ഈ അജൻഡ സജീവമാക്കിയിരുന്നു.
ഏക സിവിൽകോഡ് വരുംദിവസങ്ങളിൽ ദേശീയ വിഷയമായി ഉയർത്തുമെന്ന് നദ്ദ പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിൽ ഈ നിയമം നടപ്പാക്കും. രാജ്യത്തിൻ്റെ വിഭവങ്ങളും ഉത്തരവാദിത്വങ്ങളും തുല്യമാണ്. അതുകൊണ്ട് ഏക സിവിൽകോഡ് സ്വാഗതാർഹമാണെന്നും ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ള നദ്ദ പറഞ്ഞു.
ഗുജറാത്തിൽ വോട്ടെടുപ്പ് അടുക്കുംതോറും കൂടുതൽ തീവ്രവർഗീയ പ്രചാരണത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. 2002ൽ സംഘപരിവാർ ഗുജറാത്തിൽ ആസൂത്രണം ചെയ്ത വംശഹത്യയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രശംസിച്ചിരുന്നു. കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നവരെ 2002ൽ പാഠം പഠിപ്പിച്ചുവെന്നാണ് ഷാ പറഞ്ഞത്.
നേരത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഏകീകൃത സിവിൽ കോഡ് നടപ്പിലകക്കാൻ ബിജെപി സമിതിയെ നിയോഗിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിൽ ഉത്തരാഖണ്ഡിലെ കമ്മിറ്റിയുടെ മാതൃകയിൽ സമിതി രൂപീകരിക്കാനാണ് ഗുജറാത്ത് സർക്കാർ നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നിർദേശം നൽകിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഘട്ടത്തിൽ ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് ദില്ലി മുഖ്യമന്ത്രിയും എഎപി ദേശിയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.