തിരുവനന്തപുരം: വിഴിഞ്ഞത്തെ സമര പശ്ചാത്തലത്തിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസുകാരെ ആക്രമിച്ചതും സ്റ്റേഷൻ ആക്രമിച്ചും മറ്റ് മതക്കാരുടെ വീടുകൾ ആക്രമിക്കുന്നതും അംഗീകരിച്ചുനൽകാനാകില്ല. തുറമുഖ നിർമാണം നിർത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും. പ്രതിഷേധക്കാർ സർക്കാരിൻ്റെ ക്ഷമ കെടുത്തുകയാണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
സമരം ചെയ്ത മത്സ്യത്തൊഴിലാളികളുമായി സർക്കാർ നിരന്തരം ചർച്ചയ്ക്ക് തയ്യാറായതാണ്. ഇടനിലക്കാർ വഴി ചർച്ച നടത്തണമെന്ന് പറഞ്ഞപ്പോഴും അതിനും തയ്യാറായി. ഓരോ പ്രാവശ്യം ചർച്ച വച്ചപ്പോഴും വ്യത്യസ്തങ്ങളായ ആവശ്യങ്ങളാണ് അവർ മുന്നോട്ടുവച്ചത്. ഏഴ് ഡിമാൻഡുകളാണ് അവർ ആദ്യം പറഞ്ഞത്. അതിൽ അഞ്ചും അംഗീകരിക്കുമെന്ന് വാക്കുകൊടുത്തു. എന്നാൽ പിന്നീട് ചർച്ചയിൽ വന്നപ്പോഴൊക്കെ ആവശ്യങ്ങൾ മാറ്റിപ്പറഞ്ഞു. ചർച്ചയ്ക്ക് വിളിച്ചപ്പോഴും വന്നില്ല. ഒരു സർക്കാരെന്ന നിലയിൽ പരമാധി ക്ഷമിച്ചു. ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലേക്കെത്തി’.
കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് സംഘര്ഷമുണ്ടാക്കിയ 3,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെയാണ് കേസ്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. എസ്പിയുടേതടക്കം നാലു വാഹനങ്ങളും രണ്ട് കെഎസ്ആർടിസി ബസുകളും അടിച്ചുതകർത്തു. വൈദികരടക്കമുള്ള സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.
വിഴിഞ്ഞം സംഘർഷം 3000പേർക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ