ബ്രസൽസ്: ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ടതിനു പിന്നാലെ ബെൽജിയത്തിൽ കലാപം. മത്സരം പൂർത്തിയായതിന് പിന്നാലെ ആരാധകർ കടകളും മറ്റും തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം റാങ്കിലുള്ള ബെൽജിയത്തെ തകർത്തത്. ഇതോടെ ബെൽജിയത്തിൻ്റെ പ്രീ ക്വാർട്ടർ സാധ്യതകൾ കുറഞ്ഞു. ആദ്യ മത്സരത്തിൽ ബെൽജിയം കാനഡയെ തോൽപ്പിച്ചിരുന്നു. നിലവിൽ ഗ്രൂപ്പ് എഫിൽ രണ്ട് മത്സരങ്ങളിൽ മൂന്ന് പോയിന്റുമായി ബെൽജിയം മൂന്നാം സ്ഥാനത്താണ്.