ആർഎസ്എസ്-ബിജെപി തൊഴുത്തിലേക്ക് കേരളത്തിലെ കോൺഗ്രസുകാരെ കൊണ്ടുപോയി കെട്ടാനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടർച്ചയായി ആർഎസ്എസ്സിനെ അനുകൂലിച്ച് സംസാരിക്കുന്നതും പിന്നീട്, നാക്കുപിഴയെന്ന് പറയുന്നതും ബോധപൂർവമാണ്. ആർഎസ്എസ് പ്രീണന നയത്തിൻ്റെ ഭാഗമാണിത്. ഹൈക്കമാൻഡും നാക്കുപിഴയെന്നു പറഞ്ഞ് സുധാകരനെ ന്യായീകരിക്കുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
മതവർഗീയതക്കെതിരെ ശശി തരൂർ ശരിയായ ദിശാബബോധത്തോടെ വന്നപ്പോൾ അതിനെയും പാരവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ് ഇന്ന് പഴയ കോൺഗ്രസല്ല. മലയാള മനോരമക്കും മാതൃഭൂമിക്കും കോൺഗ്രസിനെ പൂർണമായി പിന്തുണയ്ക്കാനാകുന്നില്ല. മുസ്ലിംലീഗിനും ആർഎസ്പിക്കും സി പി ജോണിനും എല്ലാക്കാര്യത്തിലും കോൺഗ്രസിനൊപ്പം നിൽക്കാനാകുന്നില്ല. ഗവർണറുടെ നിലപാടിനോടും യുഡിഎഫ് ഘടകകക്ഷികൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. രാഷ്ട്രീയമായി യുഡിഎഫ് ശിഥിലമാകുകയാണ്.
ഏക സിവിൽ കോഡ് ഉയർത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഹിന്ദുരാഷ്ട്ര മുദ്രാവാക്യം വീണ്ടും ഉയർത്തുകയാണ്. ഫാസിസത്തിലേക്ക് രാജ്യം നീങ്ങണോ, ജനാധിപത്യം പുലരണോ എന്ന് ചിന്തിക്കേണ്ട സന്ദർഭമാണിത്. ഓരോ സംസ്ഥാനത്തും ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെട്ടാൽ ബിജെപിയെ തടയാനാകും. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് സാധിക്കില്ല. കോൺഗ്രസായി ജയിക്കുന്നവർ ബിജെപിയായി മാറുന്നതാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
‘കോൺഗ്രസും ബിജെപിയും തമ്മിൽ അതിർ വരമ്പില്ലാത്ത കൂട്ടുകെട്ട്’; എം വി ഗോവിന്ദൻ
സുധാകരൻ്റെ ആർഎസ്എസ് അനുഭാവം; ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ