തൃശ്ശൂർ എരുമപ്പെട്ടിയിൽ ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ ‘ദുരൂഹ പൂജ’. പൂജാരിയുടെ കയ്യിൽ നിന്ന് എയർഗണ്ണും കത്തിയും കോടാലിയും മറ്റ് ആയുധങ്ങളും കണ്ടെത്തി. മൂഴൂർക്കര സ്വദേശി സതീശനാണ് പൂജ നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിക്കുകയായിരുന്നു. താൻ ജ്യോത്സനാണെന്നാണ് പോലീസ് പരിശോധനയിൽ ഇയാൾ പറഞ്ഞത്.
എരുമപ്പെട്ടിക്കടുത്ത് വരവൂർ രാമംകുളം എന്ന പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കഴിഞ്ഞ രണ്ട് ദിവസമായി പൂജ നടക്കുന്നത്. രാത്രി ചിലയാളുകളുടെ സാന്നിധ്യവും തീയിട്ടതും കണ്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അർധരാത്രിയോട് കൂടി നാട്ടുകാർ ഇവിടേക്കെത്തിയത്.
പൂജ പോലെ എന്തോ നടക്കുന്നതും ഒരാളിരുന്ന് എന്തൊക്കെയോ ചെയ്യുന്നതും കണ്ടതിനെ തുടർന്ന് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും സ്ഥലം വിശദമായി പരിശോധിക്കുകയുമായിരുന്നു. ഇതേത്തുടർന്നാണ് ഇയാളുടെ കയ്യിൽ നിന്നും കോടാലി, വെട്ടുകത്തി, വടിവാൾ, മടക്കുകത്തി, എയർഗൺ തുടങ്ങിയവ കണ്ടെടുത്തത്. ഇയാൾ ലേലത്തിൽ വാങ്ങിയ ഭൂമിയിൽ വെച്ചായിരുന്നു പൂജ നടത്തിയത്. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ, ‘ഈ ഭൂമിക്ക് ഒരു ദോഷമുണ്ട്, ആ ദോഷം തീരാൻ വേണ്ടി പൂജ നടത്തുകയാണ്, എന്നാണ് സതീശൻ നാട്ടുകാരോട് പറഞ്ഞത്. രണ്ട് ദിവസമായി സ്ഥലത്ത് പൂജ നടന്നിരുന്നതായി നാട്ടുകാർ അറിയിച്ചു.
സതീശൻ്റെ മൊഴി പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. അതിന് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. പൂജ തടസപ്പെടുത്തിയെന്ന് കാണിച്ച് ഇയാൾ നാട്ടുകാർക്കെതിരെയും പോലീസിലും പരാതി നൽകിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിച്ച് വരികയാണ്. ഇലന്തൂർ നരബലി കേസ് ചർച്ചയായതിന് തൊട്ടുപിന്നാലെയാണ് ആയുധങ്ങൾ വെച്ചുള്ള ഈ ദുരൂഹ പൂജയുടെ വാർത്തയും പുറത്തുവന്നിരിക്കുന്നത്.
കൊച്ചിയിൽ ‘നരബലി’; സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ