കേരളത്തിൽ ഇതുവരെ വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന 7 ജില്ലകളിലെ 97 ആദിവാസി കോളനികളിലെ വീടുകളിൽ 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയായിട്ടും വിവിധ കാരണങ്ങളാല്‍ വൈദ്യുതി എത്തിക്കാന്‍ കഴിയാതിരുന്ന ഉൾവനങ്ങളിലെ ആദിവാസി കോളനികളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടിയും തമ്മില്‍ ചർച്ച നടത്തി.
സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്തതായി 7 ജില്ലകളിലെ 97 ആദിവാസി കോളനികളാണുള്ളത്. ഈ കോളനികളിലെ എല്ലാ വീടുകളിലും 2023 മാർച്ച് 31 ന് മുമ്പായി വൈദ്യുതി എത്തിക്കാൻ യോഗത്തിൽ തീരുമാനമായി. ലൈനുകൾ / കേബിളുകളിലൂടെ വൈദ്യുതി എത്തിക്കാൻ പറ്റുന്ന കോളനികളിൽ KSEB യുടെ ചുമതലയിൽ വൈദ്യുതി എത്തിക്കാനും, അതിന് ബുദ്ധിമുട്ടുള്ള ദുർഘടമായ വനാന്തരങ്ങളിലുള്ള കോളനികളിൽ സോളാർ / ഹൈബ്രിഡ് പദ്ധതി നടപ്പാക്കാൻ അനർട്ടിനെയും യോഗം ചുമതലപ്പെടുത്തി.
കോളനി വൈദ്യുതീകരണത്തിൻ്റെ ഫണ്ട് പട്ടിക വർഗ വികസന വകുപ്പിൽ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്നും, കെ എസ് ഇ ബിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും, അനർട്ടിനുള്ള സർക്കാർ ഫണ്ടിൽ നിന്നും, കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും കണ്ടെത്തുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ യോഗത്തിൽ തീരുമാനമായി. തദ്ദേശവാസികളുടെ പൂര്‍ണ്ണമായ പങ്കാളിത്തം തുടക്കം മുതല്‍ തന്നെ ഉറപ്പാക്കുന്നത് പദ്ധതി രൂപീകരണ വേളയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് നിര്‍ദ്ദേശം നല്കി.
വൈദ്യുതീകരണത്തിനുള്ള പദ്ധതി രൂപീകരിച്ച് പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനായി ജില്ലാ തലത്തിൽ കളക്റ്റര്‍മാരുടെ നേതൃത്വത്തില്‍, വൈദ്യുതി ബോര്‍ഡ്, അനര്‍ട്ട്, തദ്ദേശ സ്വയംഭരണ വകുപ്പ്, വനം വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ജില്ലാതല സമിതികള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.
കോളനികളില്‍ സാമൂഹിക ആവശ്യങ്ങള്‍ക്കുള്ള പൊതുസ്ഥലം തയ്യാറാക്കി ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ആദിവാസി കോളനികളിലെ ചെറുപ്പക്കാര്‍ക്ക് കെ എസ് ഇ ബി മുതലായ സ്ഥാപനങ്ങളില്‍ മതിയായ പരിശീലനം നല്കി സ്ഥിര വരുമാനം ഉറപ്പാക്കുന്ന തൊഴില്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ആദിവാസികളുടെ കൈവശമുള്ള കൃഷിയോഗ്യമായ ഭൂമിയില്‍ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികളും മൈക്രോ ഇറിഗേഷന്‍ സാങ്കേതിക വിദ്യയും നടപ്പിലാക്കി അധികവരുമാനം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് ജില്ലാതലത്തില്‍ ക്രോഡീകരണം നല്കുവാനും തീരുമാനിച്ചു.