നരേന്ദ്ര മോദി സർക്കാരിൻ്റെ കോർപ്പറേറ്റ് വാഴ്ചയ്ക്കും വർഗീയ വാദത്തിനുമെതിരെ പുതിയ സ്വാതന്ത്ര്യസമരം വേണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അതിൽ വനിതകൾ അണിചേരണമെന്നും സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് മോദി മറക്കരുതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കോർപറേറ്റുകളുടെ പ്രതിനിധികളാണ് കേന്ദ്രം ഭരിക്കുന്നത്. എന്ത് കഴിക്കണം, എങ്ങനെ ജീവിക്കണമെന്ന് അവർ കൽപ്പിക്കുകയാണ്. ഭരണഘടനയ്ക്കെതിരെ ബുൾഡോസർ ഉപയോഗിക്കുന്നു. വെറുപ്പിൻ്റെയും ഭിന്നിപ്പിൻ്റെയും ചരിത്രം സൃഷ്ടിക്കാനാണ് ശ്രമം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷവേളയിൽ മോദി സ്ത്രീ സുരക്ഷയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമാണ് സംസാരിച്ചത്. എന്നാൽ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ വിട്ടയച്ചു. പ്രതിസന്ധിയിലായ സ്ത്രീ സ്വയംസഹായ സംഘങ്ങളുടെ വായ്പയും കർഷകരുടെ കടങ്ങളും എഴുതിത്തള്ളാൻ മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഴുതിത്തള്ളിയത് അദാനി അംബാനിമാരുടെ കടങ്ങളാണ്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ബൃന്ദ കുറ്റപ്പെടുത്തി.
ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനം പൊറുതിമുട്ടുകയാണ്. ബദൽ നയങ്ങളോടെ മുന്നേറുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരാണ് ജനങ്ങൾക്ക് ആശ്വാസം. കേരളത്തിലും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നു. മതത്തെ ദുരുപയോഗിച്ച് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു. ആഭിചാരക്കൊല ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് തള്ളരുത്. ഇതിനെതിരെ സ്ത്രീകൾ പ്രതികരിക്കണം. കേരളത്തെ ഇരുട്ടിൻ്റെ ശക്തികളിൽനിന്ന് മോചിപ്പിക്കണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.