രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ രാജസ്ഥാനിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ തടയുമെന്ന് ഗുർജാർ നേതാവ് വിജയ് സിംഗ്. നിലവിലെ സർക്കാർ സംസ്ഥാനത്ത് നാലു വർഷം പൂർത്തിയാക്കുകയാണ്. ബാക്കി ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈലറ്റിന് നൽകാൻ രാഹുൽ ഗാന്ധി തയാറായാൽ അദ്ദേഹത്തിൻ്റെ യാത്രയെ സ്വാഗതം ചെയ്യും ഇല്ലെങ്കിൽ എതിർക്കുമെന്നും വിജയ് സിംഗ് മുന്നറിയിപ്പ് നൽകി.
രാഹുൽ രാജസ്ഥാനിൽ എത്തുമ്പോൾ ഒന്നുകിൽ ഒരു മുഖ്യമന്ത്രിയെ നൽകുക. അല്ലെങ്കിൽ ഗുർജറുകളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാർ സമൂഹത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബൈൻസ്ല കുറ്റപ്പെടുത്തി. രാജസ്ഥാനിൽ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്തുമെന്ന് രണ്ടാം തവണയാണ് ഇദ്ദേഹം ഭീഷണിയുയർത്തുന്നത്.
മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളിൽ ഉന്നയിച്ച പരാതികളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടൻ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതോടെയാണ് ഗെഹ്ലോട്ടിനെതിരെ സച്ചിൻ പക്ഷം വീണ്ടും തിരിഞ്ഞത്. എന്നാൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന എഐസിസി നിർദ്ദേശം ഓർമ്മപ്പെടുത്തി പാർട്ടി അച്ചടക്കം ആരും ലംഘിക്കാൻ പാടില്ലെന്നാണ് സച്ചിനുള്ള ഗെഹ്ലോട്ടിൻ്റെ മറുപടി.
മന്ത്രിമാർ പരസ്പരം ഏറ്റുമുട്ടി; തർക്കം ഒഴിയാതെ രാജസ്ഥാൻ കോൺഗ്രസ്