തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രധാനപ്രതി ചിറക്കക്കാവ് സ്വദേശിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു.
സിപിഎം അനുഭാവി തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ‘ത്രിവർണ ഹൗസി’ൽ കെ ഖാലിദ് (52), സഹോദരീഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ പരിക്കേറ്റ നെട്ടൂർ ‘സാറാസി’ൽ ഷാനിബി (29)നെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്.
ലഹരി വിൽപനയെ ചോദ്യം ചെയ്ത ഷമീറിൻ്റെ മകൻ ഷബീലിനെ (20) ഇന്നലെ ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. ഖാലിദ് സംഭവ സ്ഥലത്ത് തന്നെ അക്രമത്തിൽ മരിച്ചു.
അനുരഞ്ജന സംസാരത്തിനിടയിൽ അക്രമികൾ കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിൻ്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിൻ്റെ പുറത്തും ശരീരത്തിൻ്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവ ഗുരുതരാവസ്ഥയിൽ ഷമീറിനെ കൊഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിട്ടൂർ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത 2 സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്നു