തിരുവനന്തപുരം: സോളാർ കേസ് പരാതിക്കാരി സരിത എസ് നായർക്ക് നേരെ വധശ്രമം നടന്നതിൻ്റെ തെളിവുകൾ പുറത്ത്. രാസ പദാർത്ഥം നൽകിയാണ് സരിതയെ വധിക്കാൻ ശ്രമിച്ചത്. സരിതയുടെ മുൻ ഡ്രൈവർ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തിൽ രാസ പദാർത്ഥം കലർത്തി നൽകിയതെന്ന് പൊലീസ് കണ്ടെത്തി. സരിതയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൻ്റെ എഫ്ഐആർ പുറത്ത്. മാരക രാസവസ്തുക്കൾ ഭക്ഷണ വസ്തുക്കളിലൂടെ ശരീരത്തിലെത്തി രക്തത്തിൽ കലർന്ന് ഗുരുതര രോഗം പിടിപെട്ടതിനേത്തുടർന്ന് സരിത ചികിത്സ തേടിയിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെ ഡോക്ടർമാർ നൽകിയ വിശദീകരണത്തേത്തുടർന്ന് സരിത പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്ലോ പോയ്സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നൽകിയതിൻ്റെ തെളിവുകൾ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ചിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയിൽ അമിത അളവിൽ രാസവസ്തുക്കൾ കണ്ടെത്തി. ആന്തരിക അവയവങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെർക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് സരിതയുടെ രക്തത്തിൽ കണ്ടെത്തിയത്.
വിനുകുമാറിനെതിരെ സരിത നൽകിയ മൊഴികളും സരിതയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
‘കൂടെ നിന്നവർ തന്നെയാണ് തനിക്ക് വിഷം തന്നതെന്ന് സരിത എസ് നായർ പ്രതികരിച്ചു. 2021 നവംബർ തൊട്ടുള്ള കാലഘട്ടത്തിലാണ് ഞാൻ ശരിക്കും മനസിലാക്കിയത്. പിന്നീടത് നേരിട്ട് കാണാനുള്ള സാഹചര്യം 2022 ജനുവരി മൂന്നാം തീയതിയുണ്ടായി,’ സരിത എസ് നായർ വെളിപ്പെടുത്തി.