കേരളത്തിലെ കോൺഗ്രസിൽ വിഭാഗിയത രൂക്ഷമായ സാഹചര്യത്തിൽ ശശി തരുരിനെ പിന്തുണച്ച് എ ഗ്രൂപ്പ്. തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ‘ഉമ്മൻചാണ്ടി വിഭാഗം’ രംഗത്ത് വന്നു. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം തരൂർ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ ആദ്യ പ്രചാരണ ബോർഡിൽ നിന്ന് വി.ഡി.സതീശന്റെ ചിത്രം പോലും ഒഴിവാക്കി.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തരൂരിനായി സംഘടിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളന പോസ്റ്ററിൽ കെ.സി.വേണുഗോപാലും, കെ.സുധാകരനും ഉണ്ടെങ്കിലും വി.ഡി.സതീശനില്ല. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് ഈ നീക്കത്തിൽ അതൃപ്തിയുണ്ട്.