തിരുവനന്തപുരം: തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ ഇനിയും ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വേണമെങ്കിൽ പത്ത് കാറുകൾ വരെ ആവശ്യപ്പെടും. തൻ്റെ അതിഥികൾ കാൽനടയായിട്ടാണോ യാത്ര ചെയ്യേണ്ടതെന്നും ഗവർണർ ചോദിച്ചു. കാറുകൾ സർക്കാർ തരണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവർണറുടെ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്ഭവനിൽ നിന്ന് പൊതുഭരണവകുപ്പിനയച്ച കത്താണ് പുറത്തായത്.
ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്തംബർ 23 നയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമാണ് ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
“രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം’; ഗവർണറുടെ കത്ത് പുറത്ത്