വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം കെ രാഘവൻ എംപി. കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് താനും ശശി തരൂരും പ്രവർത്തിക്കുന്നതെന്നും ഇതിൽ ഒരു വിഭാഗീയതയില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പരിപാടിയിൽ തരൂരിനെ വിലക്കിയ സംഭവത്തിൽ കോൺഗ്രസ് പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്നലെ രാവിലെ തന്നെ പരാതി അയച്ചു. പരിപാടി മാറ്റിവെക്കാനുള്ള സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളുമായിരുന്നു പരിപാടിയുടെ വിഷയം. കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന സെമിനാർ യൂത്ത് കോൺഗ്രസ് എന്തിന് മാറ്റിവെച്ചു? ആരാണ് നിർദേശം നൽകിയത്? അത് അന്വേഷിച്ച് കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷനും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കെപിസിസി അദ്ധ്യക്ഷനും പരാതി അയച്ചു. മുൻവിധി ഇല്ല, പാർട്ടി അന്വേഷിച്ച് കണ്ടെത്തണം’
‘കുത്തിയാൽ പൊട്ടുന്ന ബലൂണിനെ ബഹുമാനിക്കുന്നവരാണ് ഞങ്ങൾ, അതിനുപയോഗിക്കുന്ന സൂചിയെ ബഹുമാനിക്കുന്നവരാണ്, ആ സൂചി പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നവരാണ്. ഞങ്ങളുടെ രാഷ്ട്രീയം അതാണ്. ഞങ്ങളുടെ പ്രവർത്തനം കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ്. തർക്കത്തിനും വിവാദങ്ങൾക്കും ഇല്ല. വിഭാഗീയ പ്രവർത്തനമല്ല നടത്തുന്നത്. നേതൃത്വം വിളിച്ചാൽ ഇക്കാര്യം സംസാരിക്കാൻ തയ്യാറാണ്. ഞങ്ങൾ പാർട്ടിയുടെ താഴെതട്ടിൽ പ്രവർത്തിക്കുന്നവരാണ്. ചർച്ച വേണമോ എന്ന് നേതൃത്വം തീരുമാനിക്കണം. ചർച്ചയ്ക്ക് വിളിച്ചാൽ പോകും.’ പാർട്ടിയെ ശക്തിപ്പെടുത്താൻ തരൂരിനെ പരമാവധി ഉപയോഗിക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും എം കെ രാഘവൻ പറഞ്ഞു.
‘വിഭാഗീയ പ്രവർത്തനമെന്ന് പറയുമ്പോൾ വിഷമമുണ്ട്’; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ