കോർപറേറ്റ്, വർഗീയ ശക്തികൾ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ യോജിച്ച പോരാട്ടം അനിവാര്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം ശക്തികൾ മാധ്യമങ്ങളെപ്പോലും ഉപകരണമാക്കി മാറ്റുന്നു. രാജ്യത്ത് വിശപ്പും തൊഴിലില്ലായ്മയും പെരുകുമ്പോഴും മതവിശ്വാസങ്ങൾ അതിലെല്ലാം വലുതെന്ന് വിശ്വസിപ്പിക്കാനാണ് കേന്ദ്രം ഭരിക്കുന്നവരുടെ ശ്രമം. ഹിമാചൽ പ്രദേശിൽ സിപിഎം സ്ഥാനാർഥി ജയിച്ചപ്പോൾ ദേവഭൂമിയിൽ അസുരന്മാർ വിജയിച്ചത് എങ്ങനെയെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. എന്നാൽ, ഇക്കുറിയും അവിടെ സിപിഎമ്മിന് ജയമുണ്ടാകും.
കൺകറന്റ് പട്ടികയിലുള്ള ഉന്നത വിദ്യാഭ്യാസത്തിൽപ്പോലും കേന്ദ്രം ഇടപെടുന്നു. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവാണെന്ന് സർവകലാശാലകളിൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി ചെയർമാൻ ഗവർണർമാർക്ക് കത്തെഴുതിയത് ഇതിൻ്റെ ഭാഗമാണ്. വേദകാലം മുതൽ രാജ്യത്ത് ജനാധിപത്യ സമ്പ്രദായമുണ്ടെന്നും ഖാപ് പഞ്ചായത്ത് ജനാധിപത്യത്തിൻ്റെ മാതൃകയാണെന്നുമാണ് യുജിസി പറയുന്നത്. സ്വാതന്ത്ര്യദിനത്തിൽ നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൻ്റെ ചുവടുപിടിച്ചാണിത്.
ജി ട്വന്റി അധ്യക്ഷ സ്ഥാനം നരേന്ദ്രമോദിക്കു ലഭിക്കുന്നത് വലിയ നേട്ടമായി അടുത്ത തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാനാണ് നീക്കം. ഇതിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങൾക്കും ഊഴമനുസരിച്ച് ലഭിക്കുന്നതാണ് അധ്യക്ഷസ്ഥാനമെന്നും യെച്ചൂരി പറഞ്ഞു.
രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി; സീതാറാം യെച്ചൂരി