ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്ഭവനിൽ നിന്ന് പൊതുഭരണവകുപ്പിനയച്ച കത്താണ് പുറത്തായത്.
ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്തംബർ 23 നയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ വേണമെന്നുമാണ് ഗവർണർക്ക് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ താത്കാലിക ജീവനക്കാരായ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് നേരിട്ടയച്ച കത്ത് പുറത്ത് വന്നിരുന്നു. രാജ്ഭവനിൽ കുടുംബശ്രീ മുഖേന നിയമിതരായ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ഗവർണർ അന്ന് കത്തയച്ചത്. ഇതുകൂടാതെ രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ദിലീപ്കുമാർ. പി എന്ന വ്യക്തിയെ ദീർഘകാലത്തെ സേവനകാലാവധി പരിഗണിച്ച് സ്ഥിരപ്പെടുത്തണമെന്നും ഗവർണ്ണർ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു
“രാജ്ഭവനിൽ 20 പേരെ സ്ഥിരപ്പെടുത്തണം’; ഗവർണറുടെ കത്ത് പുറത്ത്