കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും വാട്സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചതെന്നും ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.