തിരുവനന്തപുരം: നിർദിഷ്ട കാസർഗോഡ് – തിരുവനന്തപുരം അർധ അതിവേഗ റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ-റെയിൽ. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെതുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നു വരികയാണ്. റെയിൽവേ ബോർഡിൻ്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിൻ്റെ അമ്പതു വർഷത്തെ വികസനം മുന്നിൽ കണ്ട് ആവിഷ്കരിച്ച സിൽവർലൈൻ പദ്ധതിയുടെ തുടർ നടപടികളിലേക്ക് കടക്കും.
അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ കോർപറേഷൻ ദക്ഷിണ റെയിൽവേ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കൽ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തൽ പഠനം, കണ്ടൽക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങൾ വിവിധ ഏജൻസികൾക്ക് പൂർത്തിയാക്കി വരികയാണ്. സിൽവർലൈൻ അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടേയും നിലിവിലുള്ള റെയിൽവേ കെട്ടിടങ്ങളുടേയും റെയിൽവേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയത്.
2020 സെപ്റ്റംബർ ഒമ്പതിനാണ് സിൽവർലൈൻ ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഡി.പി.ആർ പരിശോധിച്ച് ബോർഡ് ഉന്നയിച്ച മറ്റ് സംശയങ്ങൾക്കെല്ലാം കെ-റെയിൽ നേരത്തെ തന്നെ മറുപടി നൽകിയിരുന്നു. റെയിൽവേ ഭൂമിയുടേയും ലെവൽ ക്രോസുകളുടേയും വിശദാംശങ്ങൾക്കായി കെ-റെയിലും സതേൺ റെയിൽവേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സിൽവർലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യൻ റെയിൽവേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചത്. പദ്ധതി കടന്ന് പോകുന്ന ഒമ്പത് ജില്ലകളിൽ ഇന്ത്യൻ റെയിൽവേയുടെ ഭൂമി സിൽവർ ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയിൽ പറയുന്നു.
നേരത്തെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. കേരളത്തിൻ്റെ പ്രധാന വികസന പദ്ധതിയായി രണ്ടാം എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സിൽവർ ലൈൻ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ തന്നെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിനോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്തിൻ്റെ 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണ് സിൽവർലൈൻ എന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം.
സിൽവർ ലൈൻ ഉപേക്ഷിക്കില്ല; 50 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള പദ്ധതിയാണെന്ന് എം വി ഗോവിന്ദൻ