കോഴിക്കോട്: ശശി തരൂരിൻ്റെ പരിപാടികൾ മാറ്റിയത് സമ്മർദഫലം മൂലമാണെന്നും ഇത്തരം നടപടികൾ കോൺഗ്രസിന് ഗുണകരമല്ലെന്നും കെ.മുരളീധരൻ എം.പി. തരൂരിനെതിരായ അപ്രഖ്യാപിത വിലക്കിനെതിരെ നിശിതമായി വിമർശനവും മുരളീധരൻ ഉന്നയിച്ചു.
ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. സംസ്ഥാന നേതൃത്വത്തിലെ മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവെച്ച ചിലർക്ക് ഇതിൽ പങ്കുണ്ട്. ഇത് സംഭവിക്കൻ പാടില്ലാത്തതാണ്. അന്വേഷണം നടത്തേണ്ടത് അറിയാത്ത കാര്യം കണ്ടെത്താനാണ്. ഇവിടെ നടന്നത് എല്ലാവർക്കും അറിയാം. ഡി.സി.സി. പ്രസിഡന്റ് എല്ലാം എന്നെ ധരിപ്പിച്ചു. പരിപാടി മാറ്റിയതിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കുറ്റപ്പെടുത്തില്ല. ഇതിൻ്റെ കാരണം അറിയാം, പാർട്ടി കാര്യമായതിനാൽ പുറത്ത് പറയില്ല, ഷാഫിക്ക് സംഭവവുമായി ബന്ധമില്ലെന്നും നേതാക്കൾക്ക് വിവരം അറിയാമെന്നും മുരളീധരൻ പറഞ്ഞു.
ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലം മാറ്റിവച്ചിരുന്നു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സെമിനാർ.