ഡിഗ്രി വേണമെങ്കിൽ ഹിന്ദി അറിയണം എന്ന നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. ഡൽഹി സർലകലാശാലയിലാണ് ബിരുദം പൂർത്തിയാക്കാൻ ഹിന്ദി പഠനം നിർബന്ധമാക്കിയത്. ബിരുദ കോഴ്സിൻ്റെ ഒന്നാം വർഷത്തിലെ നിർബന്ധിത കോഴ്സിൽ ഐച്ഛിക വിഷയങ്ങൾ ഹിന്ദിയും സംസ്കൃതവും മാത്രമാക്കി ചുരുക്കിയതിനെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം.
കഴിഞ്ഞ വർഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം തുടങ്ങിയവയായിരുന്നു ഐച്ഛിക വിഷയങ്ങൾ. എന്നാൽ ഈ വർഷം മുതൽ പരിസ്ഥിതി ശാസ്ത്രവും ഇംഗ്ലീഷും ഐച്ഛിക വിഷയങ്ങളിൽ നിന്നും ഒഴിവാക്കി. നിലവിൽ ഹിന്ദിയോ സംസ്കൃതമോ പഠിക്കാതെ ബിരുദം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാർഥികൾ.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായാണ് സർവകലാശാലയുടെ ഈ പുതിയ നീക്കമെന്ന് സർവകലാശാല അധികൃതർ പറയുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിലും വിദ്യാർഥികളിൽ ഹിന്ദി നിർബന്ധമാക്കുന്നതിനുളള പല നീക്കങ്ങളും സർവകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു. സർവകലാശാലയുടെ പുതിയ നീക്കത്തിനെതിരെ എസ്എഫ്ഐയും മറ്റ് പല വിദ്യാർഥി സംഘടനകളും അധികൃതർക്ക് കത്ത് നൽകി. കൂടാതെ സിലബസിൽ വരുത്തിയ മാറ്റം പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വിദ്യാർഥി സംഘടനകൾ അറിയിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തിരമായി പിന്മാറണം; സിപിഐ എം