വർഗ്ഗീയ ഫാസിസ്സത്തിനെതിരെ ശ്രീ.ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാൽ അത് മാറ്റിവെക്കാൻ ആർക്കാണ് ഇത്ര വാശിയെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. കേരള രാഷ്ട്രീയത്തിൽ ശശി തരൂരിനെ വിലക്കണം എന്നും ആർക്കാണ് താല്പര്യമെന്നും എൻ എസ് നുസൂർ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന സെമിനാർ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലം മാറ്റിവച്ച സാഹചര്യത്തിലായിരുന്നു നുസൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
വർഗ്ഗീയ ഫാസിസ്സത്തിനെതിരെ ശ്രീ.ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാൽ അത് മാറ്റിവെക്കാൻ ആർക്കാണ് ഇത്ര വാശി ?
കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ തിരുത്തൽ ശക്തിയായിരുന്നു എൻ്റെ പ്രസ്ഥാനത്തിന് എന്ത് പറ്റി? ഒരേ സമയം കെപിസിസി അധ്യക്ഷൻ ശ്രീ കെ.സുധാകരനെയും, ശ്രീ.കെ.സി വേണുഗോപാലിനെയും സംശയത്തിന്റെ ആഴക്കയത്തിൽ തള്ളി വിടണം എന്നും Dr.ശശി തരൂരിനെ കേരള രാഷ്ട്രീയത്തിൽ വിലക്കണം എന്നും ആർക്കാണ് താല്പര്യം ?
അങ്ങനെ ആരുടെയെങ്കിലും തിട്ടുരത്തിൻ്റെ പേരിൽ പിന്നോട്ട് പോകുന്ന പ്രസ്ഥാനമായിരുന്നില്ല യൂത്ത് കോൺഗ്രസ്. കെപിസിസിയും നേതാക്കളും എതിർത്തിട്ടും കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിൻ്റെ പിറ്റേനാൾ ഹർത്താൽ നടത്താൻ നട്ടല്ലോടെ തീരുമാനം എടുത്ത ഡീൻ കുര്യാക്കോസും സി.ആർ മഹേഷും നേതൃത്വം വഹിച്ച മാതൃക നമുക്കുണ്ട്.
അതിൻ്റെ പേരിൽ നൂറുകണക്കിന് കേസുകൾ ഒറ്റ ദിവസം കൊണ്ട് ഡീനിൻ്റെ പേരിൽ വന്നതും നമുക്കറിയാം. ഇപ്പോൾ യൂത്ത് കോൺഗ്രസ്സിൻ്റെ ക്രിയാത്മകമായ നിലപാടുകൾ ആരുടെ മുൻപിലാണ് അടിയറ വച്ചിരിക്കുന്നത്. ബഹുമാന്യരായ നേതാക്കൾ ജി. കാർത്തികേയനേയും , പി ടി തോമസ്സിനെയും പോലുള്ളവരുടെയും ജ്ജ്വലിക്കുന്ന നിലപാടുകളെ നിങ്ങളായി കെടുത്തരുത്.എന്തായാലും ആര് പറഞ്ഞിട്ടാണ് വർഗ്ഗീയ ഫാസിസ്സത്തിനെതിരെ കാലഘട്ടത്തിൻ്റെ ശബ്ദമാകേണ്ട യൂത്ത് കോൺഗ്രസ് പ്രസ്ഥാനം ഈ പരിപാടിയിൽ നിന്നും പിന്മാറിയതെന്നറിയാൻ കെ.പി.സി.സിയ്ക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
ജീർണ്ണിച്ച ഉപചാപക രാഷ്ട്രീയ കോക്കസിൻ്റെ ചതികുഴിയിൽ പെട്ടുപോയ ഒരു ഇര എന്ന നിലയ്ക്ക് ഈ അന്വേഷണം നടക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാൻ കഴിഞ്ഞില്ലങ്കിലും. പിന്നിൽ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും ഇത് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.