കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് പാർലിമന്ററി പാർട്ടി സെക്രട്ടറിയും എം.പിയുമായ എം കെ രാഘവൻ. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളെ കുറിച്ചായിരുന്നു സെമിനാർ. കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള സമ്മർദം മൂലമാണ് പരിപാടി മാറ്റിയത്. യൂത്ത് കോൺഗ്രസ് പിൻമാറിയത് പാർട്ടിക്ക് നാണക്കേടായിയെന്നും വിലക്ക് സംഘപരിവാറിനെതിരായ പാർട്ടി ആശയത്തെ കളങ്കപ്പെടുത്തുന്നതാണന്നും എം കെ രാഘവൻ പറഞ്ഞു. എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിലുണ്ടായിരുന്നു. പരിപാടി റദ്ദാക്കാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ശനിയാഴ്ച രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു.
നേതാക്കൾ പിൻമാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പങ്കാളിത്തമുണ്ടാകുമെന്നും കോൺഗ്രസിൻ്റെ തിരിച്ചുവരവിന് തരൂർ വേണമെന്നും എം കെ രാഘവൻ വ്യക്തമാക്കി. എം കെ രാഘവൻ ഇടപെട്ടതിനെത്തുടർന്ന് കൊടുവള്ളി കേന്ദ്രമായുള്ള ജവാഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി ഏറ്റെടുക്കുകയായിരുന്നുു. പരിപാടി കോഴിക്കോട് ഡിസിസി ഓഫീസിൽനിന്ന് കെ പി കേശവമേനോൻ സ്മാരക ഹാളിലേക്ക് മാറ്റുകയും ചെയ്തു.
നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന താര പ്രചാരണത്തിൽ ശശി തരൂരിനെ ഒഴിവാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിൻ്റെ നീക്കങ്ങളെ ചെറുക്കാനാണ് സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് നേതാക്കൾ ലക്ഷ്യമിടുന്നത്.
കെപിസിസിയും തരൂരിനെ ഒതുക്കുന്നു; തരൂരിൻ്റെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക്