മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. പ്രതിപക്ഷ നേതാവിൻ്റെ മുതലപ്പൊഴി സന്ദർശനത്തിൽ നിന്ന് പ്രവർത്തകരെ വിലക്കിയതിന് നേരത്തെ ലത്തീഫിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കെപിസിസി അധ്യക്ഷന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ കഴിഞ്ഞയാഴ്ച ലത്തീഫ് മർദ്ദിച്ചത് വിവാദമായിരുന്നു. ഇതോടെയാണ് എ ഗ്രൂപ്പിൻ്റെ പ്രമുഖ നേതാവായ എം എ ലത്തീഫിനെ പുറത്താക്കിയത്.
നേരത്തെ ലത്തീഫിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വനിതകളടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ചിറയിൻകീഴ് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാഗീയതക്ക് നേതൃത്വം കൊടുത്തത് ലത്തീഫാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. കെപിസിസി ഭാരവാഹി പട്ടികക്കെതിരെ കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നടത്തി, കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി യോഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ അച്ചടക്കലംഘനങ്ങളും കണ്ടെത്തിയതായി നേതൃത്വം വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ എഗ്രൂപ്പ് നേതാവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമാണ് എം എ ലത്തീഫ്.