ന്യൂഡൽഹി: രാജ്യത്ത് ‘രണ്ട് കുട്ടികൾ മതി’ മാനദണ്ഡം നിർബന്ധമായും നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി സുപ്രീംകോടതി തള്ളി. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുത്. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനൂകൂല്യങ്ങളും സബ്സിഡികളും നല്‍കരുത്. വോട്ടവകാശം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
പലവിധ ആവശ്യങ്ങളുമായി വരുന്ന ഹര്‍ജിക്കാര്‍ക്ക് പബ്ലിസിറ്റി ഉണ്ടാക്കുകയല്ല തങ്ങളുടെ ജോലിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ‘നിയമനിർമാണത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല. നിയമകമീഷനോ കോടതിക്കോ ഇതിൽ കാര്യമില്ല. ഞായറാഴ്ച്ച ദേശീയ ജനസംഖ്യാനിയന്ത്രണ ദിനമായി പ്രഖ്യാപിക്കണമെന്നത് പോലെയുള്ള ആവശ്യങ്ങളാണ് നിങ്ങൾ ഉന്നയിച്ചിട്ടുള്ളത്. അതെല്ലാം നിയമകമീഷൻ പരിഗണിക്കണമെന്ന് പറഞ്ഞാൽ പ്രായോഗികമല്ല’– ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. രാജ്യത്ത് ജനസംഖ്യ കുതിച്ചുയരുകയാണെന്നും അടിയന്തിര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം.