തിരുവനന്തപുരം: കെഎസ്ഇബിക്ക് ഉത്തർപ്രദേശ് സർക്കാരിൻ്റെ ആദരം. ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിൽ വൻ മുന്നേറ്റം നടത്തിയ കേരളത്തിൻ്റെ പുരപ്പുറ സോളാർ പദ്ധതിക്കാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ ആദരം ലഭിച്ചത്. കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാർ പദ്ധതി ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഗാർഹിക ഉപയോക്താക്കൾക്ക് സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു എന്നതിന് പുറമെ ഉപയോഗിക്കാത്ത സമയം വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനും കഴിയുന്നുവെന്നതാണ് ഇതിൻ്റെ പ്രത്യേകത. കേരളത്തിൽ ഉയർന്നുവരുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
ഇന്ത്യക്കുതന്നെ മാതൃകയായ നിലയിൽ റിന്യൂവബൾ എനർജി (പുരപ്പുറ സോളാർ ആന്റ് വൈദ്യുതി വാഹന ചാർജിംഗ്) രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡും പ്രശസ്തിപത്രവും ലക്നൗ താജിൽ നടന്ന ചടങ്ങിൽ കെഎസ്ഇബി ഡയറക്ടർ ആർ സുകു ഉത്തർപ്രദേശ് ഐറ്റി ആന്റ് ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി അജിത് സിംഗ് പാഗിൽ നിന്നും ഏറ്റുവാങ്ങി.
ഉത്തർപ്രദേശ് സർക്കാരുംസംസ്ഥാന വൈദ്യുത വിതരണ യൂട്ടിലിറ്റിയായ യുപിഡിഇഎസ്സിഒയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്. ചടങ്ങിൽ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര ഐ.എ.എസ്, ഐ റ്റി സെക്രട്ടറി കുമാർ വിനീത്ഐ.എ.എസ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.