ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ആറു പ്രതികളെ വിട്ടയച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ. പ്രതികളുടെ ജയിൽ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു. എന്നാൽ കേന്ദ്രം സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി തളളി. ഭരണഘടനയിലെ 142-ാം വകുപ്പ് പ്രകാരമുളള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീകോടതി ആറ് പ്രതികളേയും മോചിപ്പിച്ചത്.
1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ആഴ്ച സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. മതിയായ വാദം കേൾക്കാതെയാണ് കുറ്റവാളികളെ മോചിപ്പിച്ചതെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചു. സുപ്രീംകോടതി വിധി സ്വാഭാവിക നീതിയുടെ ലംഘനത്തിന് കാരണമാവും. മോചിപ്പിക്കപ്പെട്ട ആറു പേരിൽ നാലു പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രിയെ വധിച്ചവരെ മോചിപ്പിച്ചത് അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കാര്യമാണെന്നും കേന്ദ്രം പറഞ്ഞു.
നളിനി, നളിനിയുടെ ഭർത്താവ് ആയ മുരുകൻ, റോബർട്ട് പയസ്, ടി സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, പി രവിചന്ദ്രൻ എന്നിവരും ജയിൽ മോചിതരായി. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളൻ മെയ് 18ന് ജയിൽ മോചിതനായതാണ് മറ്റ് പ്രതികളുടേയും മോചനത്തിന് വഴിതെളിച്ചത്. പേരറിവാളനും 142-ാം വകുപ്പ് പ്രകാരമാണ് മോചിതനായത്.